Tuesday, October 27, 2009

ഇടവേള

ഞാൻ രണ്ടാഴ്ചത്തേക്കു് സ്ഥലത്തില്ലാത്തതുകൊണ്ടു് കമന്റുകൾക്കു് മറുപടി നൽകാൻ കഴിയില്ല. സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ.

ഏതായാലും രണ്ടു് പാട്ടു് പോസ്റ്റ്‌ ചെയ്യുന്നു. സംഗീതം തുറുപ്പാണെന്നാണല്ലോ വയ്പു്.

ഞാൻ പോകുന്നതു് കരീബിക്കിലെ ഒരു ദ്വീപിലേക്കായതിനാൽ ചില നല്ല ഫോട്ടോകൾക്കു് സാദ്ധ്യതയുണ്ടു്. പക്ഷേ ഫോട്ടോ എടുക്കാൻ പോകുമ്പോൾ ക്യാമറ മറക്കുന്നതു് എന്റെ കാര്യത്തിൽ അസംഭ്യവമല്ലാത്തതുകൊണ്ടു് ഉറപ്പൊന്നുമില്ല. വേറെ എത്രയെത്ര കാര്യങ്ങൾ കിടക്കുന്നു മനുഷ്യനു് ആലോചിക്കാൻ!

Get this widget Track details eSnips Social DNA


കൂട്ടത്തിൽ പറയട്ടെ, ഞാൻ വിൻഡോസ്‌ വിസ്റ്റ "ഹോം പ്രീമിയത്തിൽ" നിന്നും വിൻഡോസ്‌-7 "അൾട്ടിമേറ്റിലേക്കു്" അപ്ഡേറ്റ്‌ ചെയ്തു. ഇപ്പോൾ സംഗതി വളരെ എളുപ്പം. കാരണം, ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന പല പെരിഫെറികൾക്കും പറ്റിയ ഡ്രൈവർ സാറന്മാർ ഒന്നുകിൽ ഇല്ല, അല്ലെങ്കിൽ വരുന്നതേയുള്ളു. അതുകൊണ്ടു് അവയെയൊക്കെ തത്കാലം ഒഴിവാക്കി. ഉദാഹരണത്തിനു് HP all in one wireless printer-ന്റെ ഡ്രൈവർ സാറന്മാർ നവംബർ അവസാനത്തോടെയേ എത്തൂ അത്രേ! വില്ലേജോഫീസിലും അങ്ങനെയാണല്ലോ. എഴുത്തുപടയും പ്യൂണും എത്തുമ്പോൾ തന്നെ ആപ്പീസർ ആപ്പീസിൽ എത്തണമെന്നില്ലല്ലോ!

ഇതു് പറഞ്ഞതുകൊണ്ടു് വിൻഡോസ്‌-7 അപ്ഡേറ്റ്‌ ചെയ്തതിന്റെ ക്ഷീണം മാറ്റാനാണു് രണ്ടാഴ്ച സ്ഥലം വിടുന്നതെന്നൊന്നും കരുതണ്ട കേട്ടോ. ചുരുങ്ങിയ സമയം കൊണ്ടു് ഉള്ളിലിരുപ്പു് മുഴുവൻ അറിയാൻ കഴിയില്ലെങ്കിലും പരിചയപ്പെട്ടിടത്തോളം വിൻഡോസ്‌-7 ശരിക്കും ഒരു കോടാലിയാണു്. വെട്ടിയാൽ ഈട്ടിയും തേക്കും മുറിയും. പഴം മുറിക്കാൻ കോടാലി വേണ്ട താനും. അതിനു് ആധുനിക കവിത ധാരാളം മതിയെന്നാണു് 'ദുർന്നാവുകൾ' പറയുന്നതു്. നേരെ നിന്നു് 'ലവ' എന്നെഴുതി തലകുത്തി നിന്നു് 'വല' എന്നു് വായിക്കുന്നതിനെയാണല്ലോ നമ്മൾ ആധുനിക കവിത എന്നു് വിളിക്കുന്നതു്. അതിൽ അനുഭവസമ്പന്നരായ അനുവാചകഹൃദയങ്ങൾക്കു് അനുഭൂതി അനുഭവിക്കാനാവുമെന്നാണു് കേൾക്കുന്നതു്. അതിനാൽ, ആധുനിക കവിത ആസ്വദിക്കാനായി തലകുത്തി നിൽക്കാൻ കഴിയാത്തവർ "അനുഭൂതിയില്ലേ അനുഭൂതിയില്ലേ" എന്നു് കുശുമ്പിക്കാതെ സന്തോഷ്‌ മാധവന്മാരെപ്പോലെ പറ്റിയ ആസനവിദദ്ധന്മാരെ സമീപിച്ചു് ശീർഷാസനം ശീലിക്കുകയാണു് വേണ്ടതു്.

മലയാള കവിതയും സാഹിത്യവുമൊക്കെ ഒരു കാർഷികസമൂഹത്തിൽ, അഥവാ, വിളവിറക്കലിനും വിളവെടുപ്പിനും ഇടയിൽ ഒരുപാടു് സമയം, ഉണരുമ്പോൾ കരഞ്ഞു് ഭീഷണിപ്പെടുത്തി പാലു് കുടിക്കുകയും വിസർജ്ജിക്കുകയും, തുടർന്നു് ഈ കലാപരിപാടികൾ ആവർത്തിക്കാനായി അടുത്ത ഉണരൽ വരെ വീണ്ടും ഉറങ്ങുകയുമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ ഒരുപാടു് സമയം, വെറുതേ ഇരുന്നു് നിരങ്ങി ചിലവഴിക്കാൻ ബാക്കിയുണ്ടായിരുന്ന കുറെ 'മുറുക്കാൻ ചെപ്പു്' പ്രമാണിമാർക്കു് ഊട്ടുപുരകളിൽ തിന്നും മേളിച്ചും ശ്ലോകം ചൊല്ലിയും വാസവദത്തമാരുടെ ഉറക്കറകളിൽ അശ്ലീലശ്ലോകങ്ങൾ പ്രാവർത്തികമാക്കിയും സമയം കളയുന്നതിനുള്ള ഒരുപാധിയായിട്ടായിരുന്നല്ലോ ജന്മമെടുത്തതു്. അവരുടെ പിൻഗാമികളായ മലയാളത്തിലെ കുഞ്ഞുകുട്ടിക്കവിജന്മങ്ങൾ കൊല്ലും കൊലയും, യുദ്ധങ്ങളും രക്തം ചിന്തലും, പട്ടിണിയും പകർച്ചവ്യാധിയും കണ്ടു് മടുത്തുമരവിച്ചു് വളർന്ന പാശ്ചാത്യമനസ്സുകളിൽ രൂപമെടുക്കുന്ന കവിതയുടെയും കഥയുടേയും പുറകെ 'ആധുനികർ' ആവാൻ വേണ്ടി മുടന്തി നടക്കുമ്പോൾ കള്ളിന്റെയും കഞ്ചാവിന്റെയും രുചിയും മണവുമുള്ള ആധുനിക മലയാളകവിതകൾ ചാപിള്ളകളായി പിറന്നുവീഴുന്നു! ആർത്തവരക്തം എന്നു് കേൾക്കുമ്പോൾ ശീഘ്രസ്ഖലനം സംഭവിക്കുന്ന മാനസികവളർച്ചയിൽ നിന്നും വിടുതൽ പ്രാപിക്കാത്ത, ആണും പെണ്ണും രണ്ടു് വ്യത്യസ്ത ഗ്രഹങ്ങളിൽ നിന്നുള്ളവരായാലെന്ന പോലെ വളർത്തിയതുമൂലം കൊടുമ്പിരിക്കൊണ്ട ലൈംഗികതയുള്ള 'കന്യാചർമ്മധാരികളും' ദിവ്യാനുരാഗികളുമായ സാഹിത്യകാരന്മാരും അവരുടെ വിശിഷ്ടസൃഷ്ടികൾക്കു് ജാതകമെഴുതി ആ സാഹിത്യചാപിള്ളകളുടെ ആസനത്തിലെ 'ശംഖുചക്രത്തിൽ' വരെ രാജയോഗം കണ്ടെത്തുന്ന, സർവ്വജ്ഞപീഠം കയറിയവരായ ആസ്വാദകജ്യോതിഷശാസ്ത്രജ്ഞരും!

വായിക്കുന്ന നൂറിൽ പത്തുപേർ പതിനഞ്ചുവിധത്തിൽ മനസ്സിലാക്കുന്ന, ബാക്കി തൊണ്ണൂറുപേർക്കും ചുക്കെന്നോ ചുണ്ണാമ്പെന്നോ തിരിയാത്ത 'തകൃതികളും' ഒരുപക്ഷേ സാഹിത്യമായിരിക്കാം. അല്ലെന്നോ ആണെന്നോ പറയാൻ ഞാനാളല്ല. എന്റെ ഏറ്റവും വലിയ ഭാഗ്യം, അത്തരം 'മഹാകൃതികൾ' വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നതാണു്. അദ്ധ്വാനിച്ചു് ജീവിക്കുന്നവനെസംബന്ധിച്ചു് സമയത്തിന്റെ മാത്രം പേരിൽ അതുപോലൊരു സ്വാതന്ത്ര്യം ചില്ലറക്കാര്യമല്ല.

വിളവിറക്കലിനും വിളവെടുപ്പിനുമിടയിലെ ഉന്തിയാലും തള്ളിയാലും നീങ്ങാത്ത സമയത്തെ കഴുത്തു് ഞെരിച്ചു് കൊല്ലാൻ അടുത്ത കവലയിലെ ചായക്കടയിലോ കള്ളുഷാപ്പിലോ ഇരുന്നു് അയൽപക്കങ്ങളിലെ അവിഹിതവേഴ്ചകളും, അത്ഭുതഗർഭങ്ങളും ആത്മഹത്യകളും അപഗ്രഥിച്ചു് വിലയിരുത്തി വിധിയെഴുതുന്നവർക്കോ, വല്ലവന്റേയും ചിലവിൽ ജീവിക്കാനായി കാലപ്പഴക്കം കൊണ്ടു് ചിതലരിച്ചു് അഴുകി ജീർണ്ണിച്ച ഗ്രന്ഥങ്ങളിലെ വളിച്ചു് പുളിച്ചാർത്തു് ദുർഗ്ഗന്ധം വമിക്കുന്ന വാചകമാലിന്യങ്ങളെ വൻകുടലിന്റെ ആഴങ്ങളിൽ നിന്നും തികട്ടിയെടുത്തു് വീണ്ടും വീണ്ടും ചവച്ചുവിഴുങ്ങി നിർവൃതിയടയൽ ഉപാസനയാക്കിയവർക്കോ ഉള്ളതുപോലെ പാഴ്‌സമയം എല്ലാവർക്കുമില്ലല്ലോ. അവർ അത്തരം 'ആധുനികതകൾ' മനസ്സിലാക്കിയോ അല്ലാതെയോ അയവിറക്കി ആസ്വദിക്കുന്നതിൽ എനിക്കു് പരാതിയുമില്ല.

മറ്റൊരു ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, ജീവിതത്തിന്റെ യഥാർത്ഥ മുഖം നേരിട്ടു് കണ്ടും അനുഭവിച്ചും അറിഞ്ഞ വിറ്റ്‌ഗെൻസ്റ്റൈൻ എന്ന തത്വചിന്തകൻ ഒരിക്കൽ പറഞ്ഞു: "മനുഷ്യനു് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു് തെളിച്ചും വ്യക്തമായും പറയാൻ കഴിയും. പറയാൻ കഴിയാത്തതിനെപ്പറ്റി മനുഷ്യൻ നിശബ്ദത പാലിക്കണം". ട്രഡീഷണൽ ഫിലോസഫിയുടെ അന്ത്യം കുറിച്ച വിറ്റ്‌ഗെൻസ്റ്റൈൻ മറ്റു് പലതിന്റെയും കൂട്ടത്തിൽ ഇതുകൂടി പറഞ്ഞു: "എന്താണു് നിന്റെ തത്വചിന്തയുടെ ലക്ഷ്യം? ഈച്ചയെ അതു് സ്വയം അടച്ചിട്ടിരിക്കുന്ന ഗ്ലാസിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുക."

Get this widget Track details eSnips Social DNA

Read more...

Friday, June 26, 2009

തലച്ചോറിനൊരു റേഡിയേറ്റർ

ജോലിചെയ്തുചെയ്തു് ശരീരവും മനസ്സും ക്ഷീണിക്കുമ്പോൾ മറ്റു് ചികിത്സകളും കാളൻ നെല്ലായിയും ഫലിക്കാതെ വന്നാൽ ഹെഡ്ഫോൺസ്‌ മേമ്പൊടിചേർത്തു് ആവശ്യാനുസരണം സേവിക്കാൻ.

(ലോഡുചെയ്യുമ്പോൾ കേൾക്കുന്നതിൽ interruption ഉണ്ടെങ്കിൽ മുഴുവൻ ലോഡുചെയ്തശേഷം വീണ്ടും കേൾക്കുക.)

Read more...

Wednesday, June 17, 2009

എന്റെ ഒരു ഇഷ്ടഗാനം

പാടാനറിയാവുന്നവർക്കു് പാടി രക്ഷപെടാം. പാടാനറിയാത്തവർക്കു് പറഞ്ഞു് രക്ഷപെടാം. ഒരു പടുപാട്ടുപോലും പാടാനോ, വിടുവായത്തരമല്ലാതെ മറ്റൊന്നും പറയാനോ അറിയാത്ത കൈതകൾ മറ്റുള്ളവർ പാടുന്നതും പറയുന്നതും കേട്ടു് രക്ഷപെടുകയേ നിവൃത്തിയുള്ളു. അക്കൂട്ടത്തിൽ പെട്ടവനായ ഞാൻ തുല്യദുഃഖിതർക്കായി യാതൊരുവിധ ചിലവോ പരിശ്രമമോ കഷ്ടപ്പാടോ വകവയ്ക്കാതെ ഇന്റർനെറ്റിൽ നിന്നും പടവെട്ടിപ്പിടിച്ചെടുത്ത ഒരു പാട്ടു്.

(നിയമപരമായ മുന്നറിയിപ്പു്: ഇതുകേൾക്കുന്നതുവഴി ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ എല്ലാ ഇടങ്കേടുകൾക്കും അവനവൻ തന്നെ ഉത്തരവാദി ആയിരിക്കും. അമ്മപെങ്ങന്മാരേയും അപ്പനപ്പൂപ്പന്മാരേയും ആ ഉത്തരവാദിത്തത്തിലേക്കു് വലിച്ചിഴക്കാനാവുമോ എന്ന കാര്യം നിയമോപദേശം കിട്ടിയശേഷം മാത്രമേ പറയാനാവൂ.)


Read more...

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP